ജാലകം

Monday, August 15, 2011

സ്വാതന്ത്ര്യദിനം

1947 ആഗസ്റ്റ് 15-ന് ഇറങ്ങിയ ടൈംസ് ഓഫ് ഇൻഡ്യയുടെ രണ്ടാം പേജിൽ ഒരു പരസ്യമുണ്ട് - കാർഷിക യന്ത്രങ്ങളുടെ വ്യാപാരം ചെയ്യുന്ന പാഷാഭായി പട്ടേൽ ആന്റ് കമ്പനിയുടെ വക. അതിൽ നാലുവർഷങ്ങൾക്കുമുൻപ്, 1943-ൽ, നടന്ന ചില സംഭവങ്ങളെ സ്മരിക്കുന്നു - അന്ന് ഗാന്ധിജി ആഗാഖാൻ പാലസിലെ ജയിലിൽ നിരാഹാര വ്രതത്തിലായിരുന്നു. രണ്ടാം ലോക മഹായുദ്ധം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരിക്കുന്നു. ഗാന്ധിജിയുടെ ആരോഗ്യസ്ഥിതി അപകടകരമായ നിലയിലേക്ക് നീങ്ങിയിരിക്കുന്നു. രാജ്യത്തെ ജനങ്ങളാകട്ടെ, ഒരു പ്രതിഷേധ പ്രകടനം പോലും നടത്താനാകതെ വിറങ്ങലിച്ചും നിൽക്കുന്നു. ആ അവസ്ഥ സഹിക്കാനാകാതെ ശ്രീ. പാഷാഭായി പട്ടേൽ അന്ന് വൈസ്രോയി ആയിരുന്ന ലിൻലിത്ത്ഗോ പ്രഭുവിന് ഒരു ടെലഗ്രാം അയക്കുന്നു - ഗാന്ധിയെ ഉടൻ  മോചിപ്പിക്കുക എന്നതാണ് അതിന്റെ ചുരുക്കം. ടെലഗ്രാം അയച്ചിട്ട് പട്ടേൽ വെറുതെയിരുന്നുമില്ല - ബ്രിട്ടീഷ് ഇൻഡ്യൻ ആർമിയുമായുള്ള എല്ലാ കരാറുകളും റദ്ദുചെയ്യുകയും ഗവന്മെന്റിലേക്ക് അടക്കാനുള്ള രണ്ടു ലക്ഷം പൗണ്ട് നികുതി അടക്കാതെ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു. ഗവണ്മെന്റിന്റെ തിരിച്ചടി ഉടൻതന്നെയുണ്ടായി- പാഷാഭായി പട്ടേലിനെ അറസ്റ്റ്ചെയ്ത് ജയിലിലടച്ചു. കമ്പനി പിടിച്ചെടുത്തു. ഇൻഷുറൻസ് പോളിസിയും പാസ്പോർട്ടും റദ്ദാക്കി. പട്ടേലും കമ്പനിയും ഇനിയൊരിക്കലും വെളിച്ചം കാണില്ല എന്ന് പലരും കരുതി. പക്ഷേ ഇന്നിതാ, സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു നാമെല്ലാം ശ്വസിക്കുന്നു - അതാണ് പരസ്യത്തിന്റെ ഉള്ളടക്കം.

പാവം പട്ടേൽ വിചാരിച്ചിട്ടുണ്ടാകില്ല, രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുശേഷം നിലവിൽ വരുന്ന ഇൻഡ്യക്കാരുടെ ഇൻഡ്യൻ ഗവണ്മെന്റ് അദ്ദേഹത്തെപ്പോലുള്ള സ്വകാര്യ സംരംഭകരുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏതാണ്ട് പൂർണ്ണമായും എടുത്തുകളയും എന്നും ബ്രിട്ടീഷ് സർക്കാരിനുകീഴിലുള്ളതിന്റെ പതിന്മടങ്ങ് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും. വിദേശ സർക്കാരിന്റെ കീഴിൽ സ്വകാര്യ സംരംഭകർക്ക് അതിനുശേഷം വന്ന കോൺഗ്രസ്സ് സർക്കാരിന്റെ കീഴിൽ ഉണ്ടായിരുന്നതിന്റെ പലമടങ്ങ് സാമ്പത്തിക സ്വാതന്ത്ര്യമുണ്ടായിരുന്നു. ഒരു വിദേശ സർക്കാരിന്റെ കീഴിലാണ് ടാറ്റയും ബിർളയും മറ്റ് സ്വകാര്യ സംരംഭകരും വളർന്നുവന്നത്. ബിർളയാകട്ടെ, ചണ വ്യവസായത്തിൽ തന്റെ എതിരാളികളായിരുന്ന സ്കോട്ടിഷ് വ്യവസായികളെ മലർത്തിയടിക്കുക മാത്രമല്ല പ്രധാന എതിരാളിയായിരുന്ന ആൻഡ്രൂ യൂളിന്റെ കമ്പനി ഒടുവിൽ വിലക്ക് വാങ്ങുകയും ചെയ്തു! ടാറ്റ എയർ ഇൻഡ്യ തുടങ്ങിയതും സ്വാതന്ത്ര്യത്തിനു മുൻപേ ആയിരുന്നു. സ്വാതന്ത്ര്യാനന്തരം നിലവിൽവന്ന ലൈസൻസ്-പെർമിറ്റ് രാജ് ലോകത്തിലെ തന്നെ ഏറ്റവും കർശനമായ നിയന്ത്രണങ്ങളാണ് വ്യവസായങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചത്. ഇന്ദിരാ ഗാന്ധിയുടെ കാലമായപ്പോഴേക്കും വ്യവസായികൾ നീചന്മാരും കള്ളന്മാരോടോ കൊള്ളക്കാരോടൊ ഒപ്പം നിൽക്കേണ്ടവരാണെന്നും മറ്റുമുള്ള വിശ്വാസം സാമാന്യ ജനങ്ങളുടെ ഇടയിൽപോലും വ്യാപകമായി. ഒടുവിൽ എയർ ഇൻഡ്യ അടക്കമുള്ള സ്വകാര്യ വ്യവസായങ്ങൾ സർക്കാർ പിടിച്ചെടുക്കുകയും ചെയ്തു. സർക്കാരാണ് വ്യവസായങ്ങൾ നടത്തേണ്ടത് എന്ന ധാരണ പരക്കെ നിലവിലിരുന്നു, 1980-കളിൽ വരെ (ഇന്നും വലിയ വ്യത്യാസമുണ്ടോ, കേരളത്തിലെങ്കിലും?). അക്കാലത്ത് സ്കൂൾ വിദ്യാർഥിയായിരുന്ന എനിക്ക് എയർ ഇൻഡ്യ ഒരുകാലത്ത് സ്വകാര്യ സ്ഥാപനമായിരുന്നു എന്നതും, പല രാജ്യങ്ങളിലും വൈദ്യുതി, ടെലികോം, റെയിൽവേ തുടങ്ങിയവ സ്വകാര്യ മേഖലയിലാണ് എന്നതും അവിശ്വസനീയമായി തോന്നിയിരുന്നു - a kind of cultural shock!

1947-ൽ ഇൻഡ്യക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമേ ലഭിച്ചുള്ളൂ. എന്നല്ല, മുൻപുണ്ടായിരുന്ന സാമ്പത്തിക സ്വാതന്ത്ര്യവും ഇല്ലാതാകുകയാണ് ചെയ്തത്. 1991-ലെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് ശേഷവും സ്ഥിതിഗതികൾക്ക് വലിയ മാറ്റമുണ്ടായിട്ടില്ല. ഹെറിറ്റേജ് ഫൗണ്ടേഷന്റെ Index of economic freedom ഇൻഡ്യക്ക് സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ 124-ആം സ്ഥാനമാണ് നൽകുന്നത്. പാക്കിസ്ഥാന് ഒരുപടി താഴെ! ഇൻഡ്യയും പാക്കിസ്ഥാനും mostly unfree എന്ന വിഭാഗത്തിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്!

ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിന് സമയമായില്ലേ - രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുവേണ്ടിയല്ല ഇത്തവണ - സാമ്പത്തിക സ്വാതന്ത്ര്യത്തിനുവേണ്ടി?

Monday, July 4, 2011

സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് ഇരുപത് വയസ്സ്

1991 ജൂലൈയിലാണ് കുപ്രസിദ്ധമായ balance of payment crisis-നെ തുടർന്ന് അത്യാസന്നനിലയിലായ ഇൻഡ്യൻ സമ്പദ് വ്യവസ്ഥയെ രക്ഷിക്കുവാനായി സാമ്പത്തിക പരിഷ്കാരങ്ങൾ നരസിംഹറാവു സർക്കാർ നടപ്പിലാക്കിയത്. ഇതിന്റെ ക്രെഡിറ്റ് (അല്ലെങ്കിൽ 'ഡിസ്ക്രെഡിറ്റ്' - നിങ്ങൾ ഇടതരാണെങ്കിൽ) മൻമോഹൻസിങ്ങിലാണ് ചാർത്താറുള്ളതെങ്കിലും, യഥാർത്ഥത്തിൽ അത് റാവുവിനുമാത്രം അവകാശപ്പെട്ടതാണ്. ചില 'വിശ്വസനീയങ്ങളായ വൃത്തങ്ങൾ' പറയുന്നത് സിങ്ങ് യഥാർഥത്തിൽ അവതരിപ്പിക്കാനുദ്ദേശിച്ച ബഡ്ജറ്റ് പതിവു സോഷ്യലിസ്റ്റ് നോൺസെൻസുകൾ മാത്രം ഉൾപ്പെട്ടതായിരുന്നു എന്നും, അത് കീറിക്കളഞ്ഞ് നാലാളെ കാണിക്കാൻ കൊള്ളാവുന്ന ഒരു ബഡ്ജറ്റ് എഴുതിക്കൊണ്ടുവരുവാൻ കിഴവൻ സിങ്ങിനോട് ആവശ്യപ്പെട്ടു എന്നും ആണ്. അതെന്തായാലും, സിങ്ങും, റാവുപോലും,  ഉള്ളിന്റെ ഉള്ളിൽ പരിഷ്കാരങ്ങളോട് പൊരുത്തപ്പെട്ടിരുന്നില്ല എന്ന് പിൻകാല ചരിത്രം തെളിയിച്ചതാണല്ലോ.

സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫലത്തെക്കുറിച്ച് വളരെ ചർച്ച ചെയ്തിട്ടുള്ളതാണെങ്കിലും, അതിനെക്കാൾ divisive ആയ മറ്റൊരുകാര്യം ഇൻഡ്യൻ രാഷ്ട്രീയത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ഇന്ന് രാജ്യം നേരിടുന്ന എല്ലാപ്രശ്നങ്ങൾക്കും കാരണം സാമ്പത്തിക പരിഷ്കാരങ്ങളാണെന്നാണ് ഇടതർ പറയാറുള്ളത്. അണ്ണാ ഹസാരെയുടെ ശിഷ്യൻ ശാന്തിഭൂഷൺ പറയുന്നത് അഴിമതി ഇങ്ങനെ പെരുകിയത് സാമ്പത്തിക പരിഷ്കാരങ്ങൾ മൂലമാണെന്നാണ്! (സോഷ്യലിസ്റ്റ് വക്കീൽ 'rent seeking bureaucracy' എന്ന് കേട്ടിട്ടുതന്നെ ഉണ്ടാകില്ല.) സാമ്പത്തിക പരിഷ്കാരം എന്നത് ഇന്ന് ഒരു jilted lover ആണ് - മാഡത്തിന്റെ കോൺഗ്രസ്സിനും ചാച്ചാ മൻമോഹനും അവളെ വേണ്ട. പോപ്പുലിസമാണ് 'the new gal on the block'.

റിഫോംസിനെക്കുറിച്ച് വായിട്ടലക്കുന്നവരൊന്നും പറയുകയോ ഓർക്കുകയോ ചെയ്യാത്ത, അഥവാ തെറ്റിദ്ധാരണകൾ വച്ചുപുലർത്തുന്ന ഒരു കാര്യമുണ്ട് - യഥാർത്ഥത്തിൽ പരിഷ്കാരങ്ങൾ എത്രത്തോളം നടപ്പിലാക്കി എന്നത്. ഇടതർ പറയുന്നത് ഇൻഡ്യ ഇന്ന് അക്ഷരാർത്ഥത്തിൽ ഒരു മുരത്ത മുതലാളിത്ത രാജ്യമാണ് എന്ന് (തങ്ങൾ മുതലാളിത്ത ഭീകരനെ തടുത്തുനിർത്തുന്ന മുന്നണിപ്പോരാളികളും). എന്നാൽ സാമ്പത്തിക പരിഷ്ക്കാരങ്ങൾ ശരിയായ അർഥത്തിൽ ഇവിടെ നടപ്പിലാക്കിയിട്ടില്ല എന്നതാണ് സത്യം. Heritage Foundation പ്രസിദ്ധീകരിക്കുന്ന Index of Economic Freedom പ്രകാരം ഇൻഡ്യയുടെ സ്ഥാനം 124-ആമതാണ്. പാക്കിസ്ഥാന് ഒരുപടി താഴെ! ഇൻഡ്യൻ ഭരണഘടന രാജ്യത്തെ ഒരു സോഷലിസ്റ്റ് റിപ്പബ്ലിക്കായി വിഭാവനം ചെയ്യുന്നു. സോഷലിസത്തോട് കൂറുപുലർത്താത്ത രാഷ്ട്രീയപ്പാർട്ടികൾക്ക് രജിസ്ട്രേഷൻ ലഭിക്കുകയില്ല. സർക്കാരാകട്ടെ ധാന്യക്കച്ചവടം തുടങ്ങി എയർലൈനുകൾ വരെ നടത്തുന്നു (അഥവാ ശ്രമിക്കുന്നു, നികുതിപ്പണം പാഴാക്കിക്കിക്കൊണ്ട്).

അഴിമതിയെ സ്ഥാപനവൽക്കരിച്ച, ആറുപതിറ്റാണ്ടായി ഭൂരിപക്ഷം ജനങ്ങളെ മുച്ചൂടും ദാരിദ്ര്യത്തിൽ മുക്കിയ ഇൻഡ്യൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ അടിസ്ഥാനഘടനക്ക് ചുരുങ്ങിയ തോതിൽ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങൾ ഒരു പോറൽ പോലും ഏല്പിച്ചില്ല എന്നതാണ് നിന്ദ്യമായ സത്യം - ഇരുപതികോടിയിലധികം ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞെങ്കിലും.

Sunday, June 5, 2011

ജൂണ്‍ 5 - ആഡം സ്മിത്ത് ഡേ

ജൂണ്‍ 5-ന് ആണല്ലോ ‘ലോക പരിസ്ഥിതി ദിനം’ ആചരിക്കുന്നത്. എന്നാല്‍ അതിലും പ്രധാനപ്പെട്ട ഒരു ദിവസമാണ് അത് - ആഡം സ്മിത്തിന്റെ ജന്മദിനം. ലോകം കണ്ടതില്‍ വച്ച് ഏറ്റവും മഹാന്മാരായ തത്വചിന്തകരില്‍ ഒരാളും ആധുനിക കമ്പോള സമ്പദ് വ്യവസ്ഥയുടെ ബൈബിള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ‘The Wealth of Nations' എന്ന കൃതിയുടെ രചയിതാവും ആയിരുന്നു അദ്ദേഹം. ഈ ദിവസം പരിസ്ഥിതി ദിവസമായി ആചരിക്കുന്നതിന് പകരം ആഡം സ്മിത്ത് ദിനമായി ആചരിക്കുക. ഇതിനെക്കുറിച്ച് സൌവിക് ചക്രവര്‍ത്തി എഴുതിയ ബ്ലോഗ് ഇവിടെ വായിക്കുക: http://sauvik-antidote.blogspot.com/2011/06/celebrate-today-as-adam-smith-day.html

പരിസ്ഥിതി പ്രസ്ഥാനത്തെക്കുറിച്ച് പറഞ്ഞാല്‍ അതിന്ന് ഒരു പുരോഗമനവിരുദ്ധ, സ്വാതന്ത്ര്യവിരുദ്ധ, മനുഷ്യത്വ വിരുദ്ധമെന്നുപോലും പറയാവുന്ന ഒരു പ്രസ്ഥാനമായി മാറിയിരിക്കുന്നു. സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം ‘അനാഥരാക്കപ്പെട്ട’ ‘താത്വിക അഭയാര്‍ത്ഥികള്‍‘ കുടിയേറി ബിഗ്-ഗവണ്മെന്റ് പോളിസികള്‍ മുന്നോട്ടുവയ്ക്കാനുള്ള ഒരു പ്ലാറ്റ്ഫോമായി ഇന്ന് അതിനെ അധഃപതിപ്പിച്ചിരിക്കുന്നു.

Sunday, May 15, 2011

തിരഞ്ഞെടുപ്പ്

നാറാണത്തു ഭ്രാന്തന്റെ പ്രസിദ്ധമായ ഒരു കഥയുണ്ടല്ലോ - ആയുസ്സ് ഒരു ദിവസമെങ്കിലും നീട്ടിക്കൊടുക്കാനോ, ഒരു ദിവസമെങ്കിലും കുറയ്ക്കാനോ കഴിവില്ലാത്ത ദേവിയോട് ‘എങ്കില്‍ എന്റെ ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റിത്തരൂ’ എന്ന് പറഞ്ഞ ആ സുപ്രസിദ്ധ ആക്ഷേപ ഹാസ്യം. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അതാണ് ഓര്‍മ്മ വന്നത്. കേരളത്തിലെ ജനങ്ങള്‍ ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റിയിരിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ മാത്രമല്ല, തമിഴ് നാട്ടിലെയും, ബംഗാളിലെയും. അസമിലാണെങ്കില്‍ മന്ത് വലതുകാലില്‍ തന്നെ തുടരുന്നു!

ഒരു ഇടതുപക്ഷ സോഷ്യലിസ്റ്റ്-സ്റ്റേറ്റിസ്റ്റ് കഷിയെ മാറ്റി മറ്റൊരു ഇടതുപക്ഷ സോഷ്യലിസ്റ്റ്-സ്റ്റേറ്റിസ്റ്റ് കക്ഷിയെ തിരഞ്ഞെടുക്കുക എന്ന മഹത്തായ ദൌത്യം നിറവേറ്റുക എന്നതാണല്ലോ തിരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ ചെയ്യുന്നത്. സ്വകാര്യ സ്വത്തവകാശത്തിലും സ്വാതന്ത്ര്യത്തിലും അധിഷ്ഠിത്മായ യഥാര്‍ഥ ലിബര്‍ട്ടേറിയന്‍ രാഷ്ട്രീയം നിയമം മൂലം നിരോധിച്ചിരിക്കുന്ന ഈ രാജ്യത്ത് തിരഞ്ഞെടുപ്പ് എന്നത് ഒരു Hobson's Choice മാത്രമാണ്.