ജാലകം

Monday, August 15, 2011

സ്വാതന്ത്ര്യദിനം

1947 ആഗസ്റ്റ് 15-ന് ഇറങ്ങിയ ടൈംസ് ഓഫ് ഇൻഡ്യയുടെ രണ്ടാം പേജിൽ ഒരു പരസ്യമുണ്ട് - കാർഷിക യന്ത്രങ്ങളുടെ വ്യാപാരം ചെയ്യുന്ന പാഷാഭായി പട്ടേൽ ആന്റ് കമ്പനിയുടെ വക. അതിൽ നാലുവർഷങ്ങൾക്കുമുൻപ്, 1943-ൽ, നടന്ന ചില സംഭവങ്ങളെ സ്മരിക്കുന്നു - അന്ന് ഗാന്ധിജി ആഗാഖാൻ പാലസിലെ ജയിലിൽ നിരാഹാര വ്രതത്തിലായിരുന്നു. രണ്ടാം ലോക മഹായുദ്ധം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരിക്കുന്നു. ഗാന്ധിജിയുടെ ആരോഗ്യസ്ഥിതി അപകടകരമായ നിലയിലേക്ക് നീങ്ങിയിരിക്കുന്നു. രാജ്യത്തെ ജനങ്ങളാകട്ടെ, ഒരു പ്രതിഷേധ പ്രകടനം പോലും നടത്താനാകതെ വിറങ്ങലിച്ചും നിൽക്കുന്നു. ആ അവസ്ഥ സഹിക്കാനാകാതെ ശ്രീ. പാഷാഭായി പട്ടേൽ അന്ന് വൈസ്രോയി ആയിരുന്ന ലിൻലിത്ത്ഗോ പ്രഭുവിന് ഒരു ടെലഗ്രാം അയക്കുന്നു - ഗാന്ധിയെ ഉടൻ  മോചിപ്പിക്കുക എന്നതാണ് അതിന്റെ ചുരുക്കം. ടെലഗ്രാം അയച്ചിട്ട് പട്ടേൽ വെറുതെയിരുന്നുമില്ല - ബ്രിട്ടീഷ് ഇൻഡ്യൻ ആർമിയുമായുള്ള എല്ലാ കരാറുകളും റദ്ദുചെയ്യുകയും ഗവന്മെന്റിലേക്ക് അടക്കാനുള്ള രണ്ടു ലക്ഷം പൗണ്ട് നികുതി അടക്കാതെ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു. ഗവണ്മെന്റിന്റെ തിരിച്ചടി ഉടൻതന്നെയുണ്ടായി- പാഷാഭായി പട്ടേലിനെ അറസ്റ്റ്ചെയ്ത് ജയിലിലടച്ചു. കമ്പനി പിടിച്ചെടുത്തു. ഇൻഷുറൻസ് പോളിസിയും പാസ്പോർട്ടും റദ്ദാക്കി. പട്ടേലും കമ്പനിയും ഇനിയൊരിക്കലും വെളിച്ചം കാണില്ല എന്ന് പലരും കരുതി. പക്ഷേ ഇന്നിതാ, സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു നാമെല്ലാം ശ്വസിക്കുന്നു - അതാണ് പരസ്യത്തിന്റെ ഉള്ളടക്കം.

പാവം പട്ടേൽ വിചാരിച്ചിട്ടുണ്ടാകില്ല, രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുശേഷം നിലവിൽ വരുന്ന ഇൻഡ്യക്കാരുടെ ഇൻഡ്യൻ ഗവണ്മെന്റ് അദ്ദേഹത്തെപ്പോലുള്ള സ്വകാര്യ സംരംഭകരുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏതാണ്ട് പൂർണ്ണമായും എടുത്തുകളയും എന്നും ബ്രിട്ടീഷ് സർക്കാരിനുകീഴിലുള്ളതിന്റെ പതിന്മടങ്ങ് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും. വിദേശ സർക്കാരിന്റെ കീഴിൽ സ്വകാര്യ സംരംഭകർക്ക് അതിനുശേഷം വന്ന കോൺഗ്രസ്സ് സർക്കാരിന്റെ കീഴിൽ ഉണ്ടായിരുന്നതിന്റെ പലമടങ്ങ് സാമ്പത്തിക സ്വാതന്ത്ര്യമുണ്ടായിരുന്നു. ഒരു വിദേശ സർക്കാരിന്റെ കീഴിലാണ് ടാറ്റയും ബിർളയും മറ്റ് സ്വകാര്യ സംരംഭകരും വളർന്നുവന്നത്. ബിർളയാകട്ടെ, ചണ വ്യവസായത്തിൽ തന്റെ എതിരാളികളായിരുന്ന സ്കോട്ടിഷ് വ്യവസായികളെ മലർത്തിയടിക്കുക മാത്രമല്ല പ്രധാന എതിരാളിയായിരുന്ന ആൻഡ്രൂ യൂളിന്റെ കമ്പനി ഒടുവിൽ വിലക്ക് വാങ്ങുകയും ചെയ്തു! ടാറ്റ എയർ ഇൻഡ്യ തുടങ്ങിയതും സ്വാതന്ത്ര്യത്തിനു മുൻപേ ആയിരുന്നു. സ്വാതന്ത്ര്യാനന്തരം നിലവിൽവന്ന ലൈസൻസ്-പെർമിറ്റ് രാജ് ലോകത്തിലെ തന്നെ ഏറ്റവും കർശനമായ നിയന്ത്രണങ്ങളാണ് വ്യവസായങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചത്. ഇന്ദിരാ ഗാന്ധിയുടെ കാലമായപ്പോഴേക്കും വ്യവസായികൾ നീചന്മാരും കള്ളന്മാരോടോ കൊള്ളക്കാരോടൊ ഒപ്പം നിൽക്കേണ്ടവരാണെന്നും മറ്റുമുള്ള വിശ്വാസം സാമാന്യ ജനങ്ങളുടെ ഇടയിൽപോലും വ്യാപകമായി. ഒടുവിൽ എയർ ഇൻഡ്യ അടക്കമുള്ള സ്വകാര്യ വ്യവസായങ്ങൾ സർക്കാർ പിടിച്ചെടുക്കുകയും ചെയ്തു. സർക്കാരാണ് വ്യവസായങ്ങൾ നടത്തേണ്ടത് എന്ന ധാരണ പരക്കെ നിലവിലിരുന്നു, 1980-കളിൽ വരെ (ഇന്നും വലിയ വ്യത്യാസമുണ്ടോ, കേരളത്തിലെങ്കിലും?). അക്കാലത്ത് സ്കൂൾ വിദ്യാർഥിയായിരുന്ന എനിക്ക് എയർ ഇൻഡ്യ ഒരുകാലത്ത് സ്വകാര്യ സ്ഥാപനമായിരുന്നു എന്നതും, പല രാജ്യങ്ങളിലും വൈദ്യുതി, ടെലികോം, റെയിൽവേ തുടങ്ങിയവ സ്വകാര്യ മേഖലയിലാണ് എന്നതും അവിശ്വസനീയമായി തോന്നിയിരുന്നു - a kind of cultural shock!

1947-ൽ ഇൻഡ്യക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമേ ലഭിച്ചുള്ളൂ. എന്നല്ല, മുൻപുണ്ടായിരുന്ന സാമ്പത്തിക സ്വാതന്ത്ര്യവും ഇല്ലാതാകുകയാണ് ചെയ്തത്. 1991-ലെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് ശേഷവും സ്ഥിതിഗതികൾക്ക് വലിയ മാറ്റമുണ്ടായിട്ടില്ല. ഹെറിറ്റേജ് ഫൗണ്ടേഷന്റെ Index of economic freedom ഇൻഡ്യക്ക് സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ 124-ആം സ്ഥാനമാണ് നൽകുന്നത്. പാക്കിസ്ഥാന് ഒരുപടി താഴെ! ഇൻഡ്യയും പാക്കിസ്ഥാനും mostly unfree എന്ന വിഭാഗത്തിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്!

ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിന് സമയമായില്ലേ - രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുവേണ്ടിയല്ല ഇത്തവണ - സാമ്പത്തിക സ്വാതന്ത്ര്യത്തിനുവേണ്ടി?